വാക്ക് പാലിച്ച് ഗൂഗിൾ ക്രോം! തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ട്


മുന്നറിയിപ്പുകൾക്കൊടുവിൽ തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ടിട്ട് ഗൂഗിൾ ക്രോം. ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേർഡ് പാർട്ടി കുക്കീസുകളാണ് ഗൂഗിൾ ക്രോം നിരോധിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ട്രാക്കിംഗ് പ്രൊട്ടക്ഷൻ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, തേർഡ് പാർട്ടി കുക്കീസിന്റെ സേവനം അവസാനിപ്പിച്ച നടപടികൾക്കെതിരെ ചില പരസ്യ നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

തേർഡ് പാർട്ടി കുക്കീസിന് വിലക്ക് ഏർപ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ സ്വകാര്യത കൂടുതൽ സംരക്ഷിക്കാൻ കഴിയുന്നതാണ്. ഉപഭോക്താവ് ചില വെബ്സൈറ്റുകൾ സന്ദർശിച്ചതിനു ശേഷം, ആ വെബ്സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഓൺലൈനിൽ കാണുന്നതിന്റെ കാരണം ഇത്തരം തേർഡ് പാർട്ടി കുക്കീസിന്റെ ഇടപെടലാണ്. പലപ്പോഴും പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമായി മാറാറുണ്ട്.

ഉപഭോക്താവ് ഒരു സൈറ്റിൽ എന്താണ് ചെയ്യുന്നത്, എവിടെയുള്ള വ്യക്തിയാണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്സൈറ്റിൽ നിന്ന് അടുത്തതായി എങ്ങോട്ടാണ് പോകുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കുക്കീസിൽ ശേഖരിക്കപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്യ വിതരണ രീതികൾ നിശ്ചയിക്കുക. 2019-ൽ തന്നെ തേർഡ് പാർട്ടി കുക്കീസുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഉള്ള ശ്രമങ്ങൾക്ക് ഗൂഗിൾ തുടക്കമിട്ടിരുന്നു.