ഷിൻഡെ വിഭാഗമാണ് യഥാർഥമെങ്കില്‍ എന്തുകൊണ്ട് സ്പീക്കർ ഞങ്ങളെ അയോഗ്യരാക്കിയില്ല?: പ്രതികരണവുമായി ഉദ്ധവ് താക്കറെ


മുംബൈ: ഏക്നാഥ് ഷിൻഡെ വിഭാഗമാണ് ‘യഥാർഥ ശിവസേന’യെന്ന നിയമസഭാ സ്പീക്കറുടെ വിധി ജനാധിപത്യത്തെ കൊല ചെയ്യലാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഷിൻഡെ വിഭാഗമാണ് യഥാർഥമെങ്കില്‍ എന്തുകൊണ്ട് സ്പീക്കർ തങ്ങളെ അയോഗ്യരാക്കിയില്ല എന്നും ഉദ്ധവ് ചോദിച്ചു.‍ സ്പീക്കർ തന്റെ നടപടിയിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്നും വിധിക്കെതിരെ കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനാണു കോടതി ആവശ്യപ്പെട്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാൽ സ്പീക്കർ കോടതിക്കും മുകളിൽ സ്വയം മറ്റൊരു കോടതിയായി വിധി പറഞ്ഞിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യത്തെ കുറിച്ച് എനിക്ക് എപ്പോഴും ആശങ്കയുണ്ടാവാറുണ്ട്. എന്നാൽ, ഇന്ന് സുപ്രീംകോടതിയെക്കുറിച്ചാണ്. കോടതിയുടെ നിർദേശം പാലിക്കാൻ സ്പീക്കർ തയാറായിട്ടില്ല. വിധിക്ക് കോടതിയിൽ നിലനിൽപ്പുപോലും ഉണ്ടാവില്ല,’ ഉദ്ധവ് വ്യക്തമാക്കി.