ചൈനയോട് ഗുഡ് ബൈ പറഞ്ഞ് ഇന്ത്യ! രാജ്യത്തെ ആദ്യ അർദ്ധചാലക ചിപ്പ് ഈ വർഷം പുറത്തിറക്കും


അതിവേഗം വളരുന്ന സാങ്കേതികവിദ്യയിലെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് അർദ്ധചാലക ചിപ്പുകൾ. അർദ്ധചാലകങ്ങൾ ഉപയോഗിക്കാത്ത ഒരു ഇലക്ട്രോണിക് ഉപകരണം പോലും ഇന്ന് വിപണിയിൽ എത്തുന്നില്ല. അതുകൊണ്ടുതന്നെ വ്യാവസായികമായി ഏറെ പ്രാധാന്യമുള്ളതാണ് അർദ്ധചാലക ചിപ്പുകളുടെ നിർമ്മാണം. ഇപ്പോഴിതാ അർദ്ധചാലക ചിപ്പുകളുടെ ഹബ്ബായി മാറാൻ ഒരുങ്ങുകയാണ് ഗുജറാത്ത്. മൈക്രോൺ പോലുള്ള പ്രമുഖ അർദ്ധചാലക കമ്പനികൾ ഗുജറാത്ത് സർക്കാരുമായി ചിപ്പ് നിർമ്മാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

അർദ്ധചാലക ചിപ്പുകൾക്കായി ചൈന അടക്കമുള്ള രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഗുജറാത്തിൽ ചിപ്പ് നിർമ്മാണം ആരംഭിക്കുന്നതോടെ ചൈനയെ ആശ്രയിക്കുന്ന പതിവ് രീതി ഇന്ത്യ പൂർണമായും അവസാനിപ്പിക്കുന്നതാണ്. ചിപ്പ് കമ്പനികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബറിൽ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന്, ഈ വർഷം അവസാനത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് രാജ്യത്തിനായി സമർപ്പിക്കുക. മൈക്രോണിന് പുറമേ, ലോകമെമ്പാടുമുള്ള അർദ്ധചാലക കമ്പനികൾ ഗുജറാത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കൂടുതൽ കമ്പനികൾ എത്തുന്നതോടെ രാജ്യത്തെ സെമി കണ്ടക്ടർ ഹബ്ബായി ഗുജറാത്ത് മാറും. ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക കമ്പനിയാണ് മൈക്രോൺ.