കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ


സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം. ഷഷ്ഠിവ്രതം പോലെ മഹത്തരമായ മറ്റൊരു വ്രതമില്ല. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ദീര്‍ഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും ,കുഞ്ഞുങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകാനും,രോഗങ്ങള്‍ മാറാനും സ്കന്ദ ഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണ്.

സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്. സ്‌കന്ദ ഷഷ്ടി അനുഷ്ഠാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ്. ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക എന്നത് വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതുമാണ്.

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .