‘സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല, എല്ലാം ചാരിറ്റിക്ക് കൊടുക്കും’: സുരേഷ് ഗോപിയെ കുറിച്ച് ജയറാം


തിരുവനന്തപുരം: നടൻ സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വാചാലനായി ചലച്ചിത്ര താരം ജയറാം. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത് കൊണ്ട് മകളുടെ വിവാഹത്തിന് വേണ്ടി സുരേഷ് ഗോപിയും രാധികയും കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ പരാമർശം.

ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ചാരിറ്റിയ്ക്ക് വേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് തനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോയെന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപിയെന്ന് ജയറാം ചൂണ്ടിക്കാട്ടി.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ വ്യക്തിയാണ് സുരേഷ് ഗോപി. ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഏറ്റെടുത്തിരുന്നു. ഈ മാസം 17 നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് വിവാഹ സത്ക്കാരം. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നും ഭാഗ്യ ബിസിനസിൽ ബിരുദം നേടിയിട്ടുണ്ട്. ഗോകുൽ, മാധവ്, ഭാവ്നി, പരേതയായ ലക്ഷ്മി എന്നിവരാണ് സഹോദരങ്ങൾ.