സിയോള്‍: നായ മാംസത്തിന് നിരോധനം ഏർപ്പെടുത്തി ദക്ഷിണ കൊറിയ. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ പാസായെങ്കിലും നിരോധനം ഇപ്പോള്‍ പ്രാബല്യത്തില്‍ വരില്ല. നിരോധനം മൂന്നു വര്‍ഷം കൊണ്ടാണ് നടപ്പാക്കുക.
ചൊവ്വാഴ്ചയാണ് നായ മാംസം ഉല്പാദനവും വില്പനയും നിരോധിക്കുന്ന ബില്‍ ദക്ഷിണ കൊറിയൻ പാര്‍ലമെന്റ് പാസാക്കിയത്. നായ മാംസം കഴിക്കുന്നത് കുറ്റകരമല്ലെങ്കിലും, 2027 ഓടെ നായ്ക്കളുടെ മാംസത്തിനായുള്ള വില്പന, വിതരണം, കശാപ്പ് എന്നിവ നിരോധിക്കുന്നതാണ് ബില്‍.
READ ALSO: അഞ്ചു തിരിയിട്ട ദീപങ്ങളുമായി രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കണമെന്ന് കെഎസ് ചിത്ര: വിമര്‍ശിച്ച് ശ്രീചിത്രൻ എംജെ
ചരിത്ര വിജയം എന്നാണ് ഇതിനെ മൃഗസ്നേഹികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മൃഗക്ഷേമ സംഘടനയായ അവെയര്‍ കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയില്‍ ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയിൽ 93% പേരും ഭാവിയില്‍ നായ മാംസം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 82% പേര് നിരോധനത്തെ പിന്തുണക്കുന്നുവെന്നും പറയുന്നു. നായയെ അരുമയായി വളര്‍ത്തുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചിരുന്നു. നിയമമായതോടെ ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.