5ജി സേവനം ഉപയോഗിക്കുന്നവരാണോ? എയർടെലും ജിയോയും പുതുതായി വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞോളൂ…



രാജ്യത്ത് അതിവേഗ 5ജി കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെല്ലും റിലയൻസ് ജിയോയും. ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ട് കമ്പനികൾക്കും വലിയ തോതിൽ 5ജി ഉപഭോക്താക്കളെ നേടാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ 5ജി കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകിയിരിക്കുകയാണ് ഇരുകമ്പനികളും. പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകൾ പിൻവലിക്കാനും, 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങൾക്ക് കുറഞ്ഞത് 5 ശതമാനം മുതൽ 10 ശതമാനം വരെ അധിക നിരക്ക് ഈടാക്കാനുമാണ് കമ്പനികൾ തയ്യാറെടുപ്പ് നടത്തുന്നത്. ഈ വർഷം പകുതിയോടെ മൊത്തം മൊബൈൽ താരിഫുകൾ 20 ശതമാനത്തോളം ഉയർത്തിയേക്കുമെന്നാണ് സൂചന.

താരിഫുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ കഴിഞ്ഞ നവംബറിൽ എയർടെൽ നടത്തിയിരുന്നു. നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുന്നതിനും, പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി കഴിഞ്ഞ ഏതാനും മാസങ്ങളായി എയർടെൽ, ജിയോ എന്നീ ടെലികോം സേവന ദാതാക്കൾ 4ജി നിരക്കിൽ തന്നെയാണ് 5ജി കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നത്. ഇരുകമ്പനികൾക്കും ഏകദേശം 12.5 കോടിയിലധികം വരിക്കാരാണ് ഉള്ളത്. രാജ്യത്തെ മൊത്തം 5ജി ഉപഭോക്തൃ അടിത്തറ ഈ വർഷം അവസാനത്തോടെ 20 കോടി കവിയുമെന്നാണ് വിലയിരുത്തൽ.

Also Read: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം