മുംബൈ: ആഴ്ചയുടെ ആദ്യദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 73000 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്സ് 73,000 പോയിന്റെന്ന റെക്കോർഡ് നേട്ടത്തിൽ വ്യാപാരം ആരംഭിക്കുന്നത്. അതേസമയം, നിഫ്റ്റി 22,000 പോയിന്റ് നേട്ടത്തിലാണ് വ്യാപാരത്തിന് തുടക്കം കുറിച്ചത്. ഐടി ഓഹരികൾ മുന്നേറിയതാണ് ഇന്ന് ആഭ്യന്തര സൂചികകൾക്ക് കരുത്തായി മാറിയത്.
ഐടി ഓഹരികളുടെ സ്വാധീന ഫലമായി വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 720.33 പോയിന്റ് വരെയും, നിഫ്റ്റി 187 പോയിന്റ് വരെയും ഉയർന്നു. സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് വിപ്രോയാണ്. 11 ശതമാനത്തോളമാണ് വിപ്രോയുടെ ഓഹരികൾ ഉയർന്നത്. കൂടാതെ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികളും ഇന്ന് വലിയ തോതിൽ നേട്ടം കൈവരിച്ചു.