സമസ്ത നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്തിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം
മലപ്പുറം: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. സത്താര്‍ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ കുറെ നാളായി സമസ്തയിലെ മുസ്ലീം ലീഗിനെ അനുകൂലിക്കുന്നവരും എതിര്‍വിഭാഗവും തമ്മില്‍ ഭിന്നത രൂക്ഷമാണ്. പരസ്യപ്പോര് തുടരുന്ന സാഹചര്യത്തിലാണ് 10 വര്‍ഷം മുന്‍പുള്ള കത്ത് ചൂണ്ടിക്കാട്ടി സത്താര്‍ പന്തല്ലൂരിനെതിരെ എതിര്‍വിഭാഗത്തിന്റെ നീക്കം. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടിഎം കോട്ടുമല ബാപ്പു മുസ്ലിയാര്‍, സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്താണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സംഘടനയില്‍ ഭിന്നതയുണ്ടാക്കാന്‍ സത്താര്‍ പന്തല്ലൂരാണ് അന്ന് കത്ത് തയ്യാറാക്കിയതെന്നാണ് ആരോപണം.
കൈവെട്ട് പ്രസംഗത്തില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ സത്താര്‍ പന്തല്ലൂര്‍ പ്രതിരോധത്തിലാണ്. ഈ സാഹചര്യം സംഘടനയില്‍ ഉപയോഗിക്കാനാണ് എതിരാളികളുടെ നീക്കം. വിഷയത്തില്‍ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.