തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരാകുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടെയെടുക്കാം.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. പിന്നീട് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്ക് 12നു വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങും.