‘എന്നെ പിരിച്ചുവിടാൻ നീ ആരാടാ?’: ജോലിയിൽ നിന്നും പറഞ്ഞുവിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി – വീഡിയോ


ന്യൂഡൽഹി: യു.എസിലെ ജാക്‌സൺ അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ ഡിക്ക് സമീപമുള്ള ഒരു കോഫി ഷോപ്പിലെ മാനേജരെ മർദ്ദിച്ച് യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. എയർപോർട്ടിലെ ഒരു കോഫീഷോപ്പിൽ തന്നെ പിരിച്ചുവിട്ട മാനേജരുമായി ഒരു യുവതി വഴക്കുണ്ടാക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

കോപാകുലയായ സ്ത്രീയും കടയിലെ ജീവനക്കാരും തമ്മിലുള്ള നാടകീയമായ മുഖാമുഖത്തിന്റെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്നെ പിരിച്ചുവിട്ട മാനേജരെ യുവതി ശാരീരികമായി ആക്രമിക്കുകയായിരുന്നു. എയർപോർട്ടിലെ ഹാർവെസ്റ്റ് ആൻഡ് ഗ്രൗണ്ട്സ് കോഫി ഷോപ്പിലാണ് സംഭവം നടന്നത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കോഫിഷോപ്പിലെ മറ്റൊരു ജീവനക്കാരിയുമായി വഴക്കിട്ടതിനാണ് യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഷാക്കോരിയ എല്ലി എന്ന ജീവനക്കാരിയാണ് വീഡിയോയിൽ ഉള്ളത്.

Clown World എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവതി കടയുടെ പിൻവശത്തേക്ക് പോകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, രണ്ട് മാനേജർമാർ കൂടി അവളെ അവിടെ നിന്നും തള്ളിമാറ്റാൻ ശ്രമിക്കുകയാണ്. എന്റെ സാധനങ്ങൾ തിരിച്ചുതരൂ എന്നാണ് അവൾ പറയുന്നത്. യുവതി മാനേജർമാരെ തല്ലുന്നുണ്ട്. അതിനിടയിൽ ഒരു കസേര എടുത്തും അവൾ അവരെ അക്രമിക്കാൻ ശ്രമിക്കുന്നു. എന്നാൽ, മാനേജർമാർ അവളെ പിന്നെയും പിന്നെയും പിടിച്ചു മാറ്റുന്നുണ്ട്.