ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു, റെക്കോർഡ് മുന്നേറ്റവുമായി വ്യോമയാന മേഖല


ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെ റെക്കോർഡ് മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തെ എയർലൈനുകൾക്ക് 152 യാത്രക്കാരെയാണ് നേടാൻ കഴിഞ്ഞത്. 2022-ലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 23 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

2013 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ വ്യോമയാന മേഖലയുടെ വളർച്ച 147 ശതമാനമായാണ് ഉയർന്നത്. 2023 ഡിസംബറിൽ മാത്രം 13.8 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് 6 ശതമാനമാണ് കുതിപ്പ്. എയർ ഇന്ത്യയുടെയും സിംഗപ്പൂർ എയർലൈനുകളുടെയും സംയുക്ത സംരംഭമായ വിസ്താരയ്ക്ക് 1.38 കോടി ആഭ്യന്തര യാത്രക്കാരെയാണ് നേടാൻ കഴിഞ്ഞത്. അതേസമയം, ഏറ്റവും പുതിയ എയർലൈനായ ആകാശ എയറിന് 62.32 ലക്ഷം യാത്രക്കാരെയും നേടാൻ സാധിച്ചു. 2023-ൽ സ്പൈസ് ജെറ്റിന്റെ ആഭ്യന്തര യാത്രക്കാരുടെ വിഹിതം 5.5 ശതമാനമാണ്. വരും മാസങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.