കൊച്ചി: ക്രിസ്തുമസ്, പുതുവത്സര സീസൺ അവസാനിച്ചതോടെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് വിമാന കമ്പനികൾ. അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾ ഗൾഫിലേക്ക് മടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞത്. ശൈത്യകാല അവധിക്ക് അടച്ച ഗൾഫിലെ സ്കൂളുകൾ ജനുവരി രണ്ടാം വാരത്തോടെ തുറന്നതിനെ തുടർന്ന് ഭൂരിഭാഗം കുടുംബങ്ങളും ജനുവരി ആദ്യവാരം തന്നെ ഗൾഫിലേക്ക് മടങ്ങുകയായിരുന്നു.
ക്രിസ്തുമസ് അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ നാലിരട്ടിയിലധികമാണ് വിമാന കമ്പനികൾ വർദ്ധിപ്പിച്ചത്. ഈ മാസം കേരളത്തിൽ നിന്ന് അബുദാബിയിലേക്ക് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ഡിസംബറിൽ 40,000 രൂപയായിരുന്നു നിരക്ക്. ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് 80,000 രൂപ വരെ ഈടാക്കിയെങ്കിൽ, ഇപ്പോൾ 22,000 രൂപയാണ് നിരക്ക്. വിവിധ സീസണുകളോട് അനുബന്ധിച്ച് ഗൾഫ് സെക്ടറിൽ ഉണ്ടാകുന്ന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണമെന്ന് പ്രവാസികൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. സീസൺ സമയങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.