ആഗോളതലത്തിൽ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ ബ്രാൻഡ്! നേട്ടം വീണ്ടും കൈക്കുമ്പിളിൽ ഒതുക്കി ആപ്പിൾ


ആഗോളതലത്തിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന സ്ഥാനം വീണ്ടും കൈക്കുമ്പിളിൽ ഒതുക്കി ആപ്പിൾ. ഇക്കുറി സാംസംഗിനെ മറികടന്നാണ് ആപ്പിൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2010-ന് ശേഷം ഇതാദ്യമായാണ് ആപ്പിൾ ആഗോള വിപണിയിൽ സാംസംഗിനെ മറികടക്കുന്നത്. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം, ആഗോള സ്മാർട്ട്ഫോൺ വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ, നാലാം പാദത്തിൽ പ്രവചനങ്ങളെയെല്ലാം മറികടന്ന് 8.5 ശതമാനം വളർച്ച നേടാൻ കഴിഞ്ഞെങ്കിലും, ആപ്പിളിനൊപ്പം എത്താൻ സാധിച്ചിരുന്നില്ല.

ചൈന ഒഴികെയുള്ള മറ്റ് വിപണികളിൽ നിന്നെല്ലാം ആപ്പിൾ ഹാൻഡ്സെറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചൈനീസ് വിപണിയിൽ ഹുവായ് ശക്തമായ വിപണി വിഹിതം നിലനിർത്തുന്നതിനാൽ, ആപ്പിളിന് വെല്ലുവിളി നേരിട്ടിട്ടുണ്ട്. ഒപ്പം ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും ഉണ്ടായിട്ടുണ്ട്. ആളുകൾക്ക് പ്രീമിയം സ്മാർട്ട്ഫോണുകളോടുള്ള താൽപ്പര്യം വർദ്ധിച്ചതാണ് ആപ്പിളിന്റെ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. ഒപ്പം ഓഫറുകളും പലിശരഹിത ഫിനാൻസിംഗ് പ്ലാനുകളും നേട്ടമായി. വിപണിയിൽ 20 ശതമാനം പ്രീമിയം ഫോണുകളാണ് ഉള്ളത്.