വാഴത്തോപ്പിൽ തേജോസ്വരൂപിണിയായ സ്ത്രീ, അടുത്തെത്തിയപ്പോൾ അപ്രത്യക്ഷമായി: ചുവന്ന പട്ടും ആഴിയും കണ്ടയിടം പട്ടാഴിയായി
കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്താണ് പുരാതനമായ പട്ടാഴി ദേവി ക്ഷേത്രം. സരസ്വതി, ലക്ഷ്മി, ദുർഗ്ഗ തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ശ്രീ ഭദ്രകാളിയെ ആരാധിച്ചുവരുന്ന ഇടം.
ഐതീഹ്യം
വാഴക്കുന്ന് എന്ന് പേരുണ്ടായിരുന്ന ഈ പ്രദേശത്ത് നാട്ടുപ്രമാണിമാരായിരുന്നു താമസിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്ന കാരണവർ തൻറെ വാഴത്തോപ്പിലൂടെ വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി സഞ്ചരിക്കുമ്പോൾ തൻറെ മുൻപിൽ തേജോസ്വരൂപിണിയായ ഒരു സ്ത്രീ രൂപം കണ്ടു. കാരണവർ അടുത്തെത്തിയപ്പോൾ ആ സ്ത്രീരൂപം അപ്രത്യക്ഷ്യമായി. സ്ത്രീരൂപത്തെ കണ്ട ഭാഗത്ത് ആഴത്തിലുള്ള ഒരു കിണറും, കിണറിൻറെ മുകളിൽ തറയിൽ മിനുസമേറിയ തളക്കല്ലും, അതിൽ ചുവന്ന പട്ടും കാണപ്പെട്ടു. കിണറ്റിലേക്കു നോക്കിയ കാരണവർ കണ്ടത് കിണറ്റിനുള്ളിൽ നീലഛവികലർന്ന ജലം ഇളകുന്നതാണ്. കരയിൽ പട്ടും, കിണറ്റിൽ ആഴിയും. ഇതുകണ്ട കാരണവർ ഉടൻതന്നെ അവിടെയുള്ള മഠത്തിൽ തിരുമേനിയെ വിവരം ധരിപ്പിച്ചു. രണ്ടുപേരും ഉടൻതന്നെ വാഴക്കുന്നിലെത്തി. ഭഗവതിയുടെ സാന്നിധ്യമാണെന്ന് തിരുമേനിക്ക് മനസ്സിലായതോടെ പട്ടും ആഴിയും കണ്ട സ്ഥലത്ത് അമ്മയുടെ ഇരിപ്പിടമായി പീഠം സ്ഥാപിച്ചു. പട്ടും ആഴിയും കണ്ട സ്ഥലമായതിനാൽ വാഴക്കുന്ന് പ്രദേശത്തിന് ‘പട്ടാഴി’ എന്ന് നാമകരണം ചെയ്യപ്പെട്ടു.
read also: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി
പട്ടാഴിക്ഷേത്രത്തിലെ പ്രധാന ഉൽസവങ്ങളിൽ ഒന്നാണ് കുംഭ തിരുവാതിര. കുഭത്തിരുവാതിര ഉത്സവം കുംഭഭരണി മുതൽ ഏഴു ദിവസം നീണ്ടു നിൽക്കുന്നു. ഭരണി നാളിൽ ഉത്സവം കൊടിയേറി ആയില്യം നാളിൽ കൊടിയിറങ്ങും. ഇതിൽ പ്രധാന ഉത്സവം അമ്മയുടെ ജന്മനാളായ കുംഭത്തിലെ തിരുവാതിര നാളിലാണ്. തിരുവാതിര നാളിൽ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും നടക്കും. കെട്ടുകാഴ്ച നടക്കുമ്പോൾ പട്ടാഴിയിലെ എട്ടുചേരിയിൽ നിന്നുമുള്ള കരക്കാരാണ് ക്ഷേത്രത്തിൽ എത്തുക. ഓരോ കരക്കാരും അവരവരുടെ കരയിലെ നേർച്ചവഴിപാടായ കെട്ടുകാളയെ എഴുന്നള്ളിക്കും. തുലാമാസത്തിലെ നവരാത്രി, വിദ്യാരംഭം, വൃശ്ചികത്തിലെ തൃക്കാർത്തിക എന്നിവയും പ്രധാനമാണ്.
കുംഭത്തിരുവാതിര കഴിഞ്ഞാൽ പിന്നെ മീനത്തിരുവാതിര ഉത്സവമാണ് നടക്കുന്നത്. മീനത്തിരുവാതിരയിലാണ് ആൾപ്പിണ്ടി വിളക്കെടുപ്പും, വെടിക്കെട്ടും നടക്കുക. പട്ടാഴിയമ്മയുടെ ഇഷ്ടവഴിപാടെന്നു പറയുന്നത്, പൊങ്കാല വഴിപാടാണ്. സർവൈശ്വര്യപ്രദായിനിയായ ദേവിക്ക് എല്ലാ മകരമാസത്തിലെയും അവസാന ഞായറാഴ്ച ദേവി ഭക്തർ പൊങ്കാലയർപ്പിക്കുന്നു. ഇതിനായി 25 ദിവസത്തെ വ്രതശുദ്ധിയോടെ ഭക്തജനങ്ങൾ ദേവീസന്നിധിയിലെത്തുന്നു. പ്രകാശരൂപിയും നവഗ്രഹനാഥനുമായ സൂര്യദേവനെ സാക്ഷിനിർത്തി നടത്തുന്ന ഭക്തിനിർഭരമായ ചടങ്ങാണ് പൊങ്കാല. നിവേദ്യം സ്വീകരിച്ച് സന്തുഷ്ടിയടയുന്ന പട്ടാഴിയമ്മ സമസ്ത ഐശ്വര്യങ്ങളും നൽകി തൻറെ ഭക്തരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം.