ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ ഊർജ്ജം, രാജ്യത്തെ ആദ്യ ഗ്രാഫീൻ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ കേന്ദ്രമായ ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചിയിലെ മേക്കേഴ്സ് വില്ലേജിലാണ് ഗ്രാഫീൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറി എസ്. കൃഷ്ണനാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ, വിവിധ ആവശ്യങ്ങൾക്കുള്ള ഐഒടി സെൻസറുകൾ നിർമ്മിക്കാനുള്ള മികവിന്റെ കേന്ദ്രം കൂടി തുറന്നിരിക്കുകയാണ്. ഡിജിറ്റൽ പരിവർത്തനത്തിനും, സാമ്പത്തിക വളർച്ചയ്ക്കും പങ്കുവഹിക്കുന്ന വസ്തുവാണ് ഗ്രാഫീൻ.
ഐഒടി, ഗ്രാഫീൻ, 2ഡി ഉൽപ്പാദന രംഗത്ത് സ്റ്റാർട്ടപ്പുകൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ മേക്കേഴ്സ് വില്ലേജിൽ അവസരം ഉണ്ടാകുന്നതാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി എന്നിവരുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് ഇവ ആരംഭിച്ചിരിക്കുന്നത്. ഗ്രാഫീൻ വളരെ നേർത്തതും ശക്തവും വഴങ്ങുന്നതുമായ വസ്തുവാണ്. കാർബൺ ആറ്റങ്ങളുടെ ഒറ്റ പാളി കൂടിയാണ് ഇവ. പെൻസിലിൽ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റ് നിർമ്മിക്കുന്നത് ഗ്രാഫീനിൽ നിന്നാണ്.