ലക്നൗ: ഭാരതം ഒന്നടങ്കം ഉറ്റുനോക്കുന്ന അയോധ്യാ നഗരത്തിൽ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങി ബാങ്കുകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കഴിയുന്നതോടെ ക്ഷേത്രനഗരിയായ അയോധ്യയിൽ തീർത്ഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായാണ് പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ അയോധ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് അയോധ്യയിൽ 3 ശാഖകൾ ഉണ്ട്. ഒരു മാസത്തിനുള്ളിൽ ഒരു ശാഖ കൂടി തുറക്കാനാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ നീക്കം.
കഴിഞ്ഞയാഴ്ച കർണാടക ബാങ്ക് അതിന്റെ 915-ാമത്തെ ശാഖ ക്ഷേത്രനഗരിയിൽ തുറന്നിരുന്നു. അയോധ്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് ബാങ്ക് ഓഫ് ബറോഡയ്ക്കാണ്. 34 ശാഖകളാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഉള്ളത്. തൊട്ടുപിന്നിൽ 26 ശാഖകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉണ്ട്. 21 ശാഖകൾ ഉള്ള പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ വിമാനത്താവളത്തിന് സമീപം മറ്റൊരു ശാഖ കൂടി ഉടൻ തുറക്കുന്നതാണ്. അതേസമയം, കാനറ ബാങ്കിന് 6 ശാഖകളും ഉണ്ട്. അടുത്തിടെ കാനറ ബാങ്ക് പ്രാദേശിക ഓഫീസ് അയോധ്യയിലേക്ക് മാറ്റിയിരുന്നു. നിലവിൽ, അയോധ്യ നഗരത്തിൽ വിവിധ ബാങ്കുകളുടെ 250 ശാഖകളാണ് ഉള്ളത്.