പ്യോഗ്യാംഗ്: കടലിനടിയിൽ അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഹയീൽ-5-23 എന്ന പേര് നൽകിയിരിക്കുന്ന ഡ്രോണിന്റെ പരീക്ഷണമാണ് ഉത്തര കൊറിയ വിജയകരമായി പൂർത്തിയാക്കിയത്. രാജ്യത്തിന്റെ കിഴക്കൻ തീരമാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം. ഉത്തര കൊറിയ ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ ഡ്രോൺ വികസിപ്പിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
കൊറിയൻ ഭാഷയിൽ ഹയീൻ എന്നാൽ സുനാമി എന്നാണ് അർത്ഥം. ശത്രു രാജ്യത്തിന്റെ തീരമേഖലകളിൽ ശക്തമായ സ്ഫോടനങ്ങൾ നടത്തി, സുനാമി പോലെ തകർത്തെറിയാൻ ഈ ആയുധത്തിന് കഴിയുമെന്നാണ് ഉത്തര കൊറിയയുടെ വാദം. കൂടാതെ, ആണവായുധം ഘടിപ്പിച്ചാൽ ഈ ഡ്രോണിന് റേഡിയോ ആക്ടീവ് സുനാമികളെ സൃഷ്ടിക്കാൻ കഴിയുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഡ്രോണിന്റെ പരീക്ഷണവേളയിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഡ്രോണുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളൊന്നും ഉത്തര കൊറിയ പുറത്തുവിട്ടിട്ടില്ല.