ചെറുപ്പം മുതലേ സ്വന്തം മകളായി ദത്തെടുത്തുവളർത്തി; ഷക്കീലയെ മർദ്ദിച്ച് വളർത്തുമകൾ ശീതൾ


നടി ഷക്കീലയെ വളര്‍ത്തുമകള്‍ ശീതള്‍ ആക്രമിച്ചുവെന്ന് പരാതി. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് മർദ്ദനം. ശീതളിനെതിരെ പരാതി നൽകിയെന്നും ഷക്കീലയ്ക്ക് പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും നടിയുടെ അഭിഭാഷക വ്യക്തമാക്കി. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല, സഹോദര പുത്രിയായ ശീതളിനെ വളരെ ചെറിയ പ്രായം മുതൽ തന്നെ സ്വന്തം മകളായി വളർത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടില്‍ ഷക്കീലയുമായി ശീതൾ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ ഷക്കീലയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ട ശേഷം ശീതള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. ശീതള്‍ തന്നെ മര്‍ദിച്ച വിവരം ഷക്കീല തന്റെ സുഹൃത്തായ നർമദയോട് പങ്കുവെച്ചു. ഇവരാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഉപദേശം നൽകിയത്. തുടർന്ന് ഷകീല തന്റെ അഭിഭാഷകയായ സൗന്ദര്യയെ വിവരം അറിയിച്ചു. ശീതളിനെ ഫോണിൽ വിളിച്ച് ഒത്തുതീർപ്പിനായി സൗന്ദര്യ ശ്രമിച്ചെങ്കിലും, അധിക്ഷേപിക്കുകയായിരുന്നു ശീതൾ ചെയ്തത്.

പരാതി നൽകിയെന്നറിഞ്ഞതോടെ വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിച്ചു. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചുവെന്നും ശീതളിന്‍റെ അമ്മ, സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ഷക്കീലയും അഭിഭാഷകയും കോടമ്പാക്കം പൊലീസില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണം നടക്കുകയാണ്.