ഗുരുവായൂർ ക്ഷേത്രത്തിലെ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായി. ജനുവരി മാസം ഇതുവരെ ക്ഷേത്രത്തിലെ ഭണ്ഡാര വരുമാനമായി ലഭിച്ചത് 6 കോടിയിലധികം രൂപയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 6,13,08,091 രൂപ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ, 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 13 കിലോ 340 ഗ്രാം വെള്ളിയും ലഭിച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കാണ് ഭണ്ഡാരം എണ്ണൽ ചുമതല നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 44 കറൻസികളും, നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും, അഞ്ഞൂറിന്റെ 153 കറൻസിയും ലഭിച്ചു. ഇക്കുറി ഇ-ഭണ്ഡാര വരവായി 2.07 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം വഴി 2,07,007 രൂപയുമാണ് ലഭിച്ചത്. സ്ഥിര ഭണ്ഡാര വരവിന് പുറമേയാണ് ഈ തുക ലഭിച്ചിരിക്കുന്നത്.