സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഷുഐബ് മാലികിന്റെ വഴിവിട്ട ബന്ധങ്ങള്‍: പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: മുന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ഷുഐബ് മാലികിന്റെ പരസ്ത്രീ ബന്ധങ്ങളെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഷുഐബിന്റെ വഴിവിട്ട സഞ്ചാരത്തില്‍ കുടുംബാംഗങ്ങളും അസ്വസ്ഥരായിരുന്നുവെന്നും പാക് നടി സനാ ജാവേദുമായുള്ള വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തില്ലെന്നും പാകിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് സനയെ വിവാഹം കഴിച്ച വാര്‍ത്ത താരം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ഷുഐബിന് മറ്റ് സ്ത്രീകളുമായുണ്ടായിരുന്ന ബന്ധങ്ങളില്‍ സാനിയ തികച്ചും അസ്വസ്ഥയായിരുന്നുവെന്ന് മാലികിന്റെ സഹോദരിമാര്‍ പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഷുഐബിന്റെ മൂന്നാം വിവാഹമാണിത്. ആദ്യഭാര്യയായ അയേഷ സിദ്ദിഖിയുമായി വേര്‍പിരിഞ്ഞ ശേഷമാണ് 2010 ഏപ്രിലില്‍ ഷുഐബ് സാനിയയെ വിവാഹം കഴിച്ചത്. ഹൈദരാബാദില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും ദുബായിലാണ് കഴിഞ്ഞിരുന്നത്. 2018ല്‍ ഇരുവര്‍ക്കും മകന്‍ ഇസാന്‍ പിറന്നു. മകന്‍ ഇപ്പോള്‍ സാനിയയ്‌ക്കൊപ്പമാണ് താമസം.
ഷുഐബ് വിവാഹവാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ, ഇസ്ലാം നിയമമായ ഖുല വഴി സാനിയയാണ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നും ഇതിനപ്പുറം മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സാനിയയുടെ കുടുംബത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സാനിയ വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടിരുന്നു. വിവാഹം കഠിനമാണ്, വിവാഹ മോചനവും കഠിനമാണ്. കഠിനമായത് തിരഞ്ഞെടുക്കുക. കഠിനമായത് തിരഞ്ഞെടുക്കാന്‍ നമുക്ക് കഴിയും. അത് ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കുക എന്നര്‍ത്ഥം വരുന്ന വാക്കുകളാണ് സാനിയ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചിരുന്നു.
പ്രമുഖ സീരിയല്‍-സിനിമ താരമാണ് ഷുഐബിന്റെ നിലവിലെ ഭാര്യയായ സന. 2020 ല്‍ ഗായകന്‍ ഉമൈര്‍ ജയ്‌സ്വാളിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു.