വഞ്ചനാപരമായ വ്യാപാര നടപടി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ വിറ്റഴിച്ച മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ. രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ രഘുപതി നെയ്യ് ലഡു, ഖോയ ഖോബി ലഡു, നെയ് ബുന്ദി ലഡു, പശുവിൻ പാൽ പേഡ എന്നിങ്ങനെ വിവിധ മധുരപലഹാരങ്ങളാണ് ആമസോൺ വിറ്റഴിച്ചത്. ഇതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയക്കുകയായിരുന്നു. ഇത് പിന്നാലെയാണ് ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന ആമസോൺ തടഞ്ഞത്.
വഞ്ചനാപരമായ വ്യാപാര നടപടികളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചത്. ഓൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. ആമസോൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്നും, ഇതിൽ നടപടി വേണമെന്നുമാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് ആവശ്യപ്പെട്ടത്. രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ആമസോണിൽ നിന്നും അവ വാങ്ങിയത്. ക്ഷേത്രം ട്രസ്റ്റി രാമക്ഷേത്രത്തിലെ പ്രസാദം ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്നില്ല.