ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ക്കും കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കും.
തെറ്റായതോ കൃത്രിമമോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ചയാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. സാമുദായിക സൗഹാര്‍ദത്തിന് തടസ്സമാകുന്നതും മതസ്പര്‍ദ്ധയുളവാക്കുന്നതുമായ സന്ദേശങ്ങള്‍ പാടില്ലെന്നും പ്രകോപനമുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി.