ടാറ്റ മോട്ടോഴ്സ്: തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിച്ചു


മുന്നറിയിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിച്ച് രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, കാറുകളുടെ വില 0.7 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിലാകുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്താണ് കാറുകളുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത്.

സമാനമായ രീതിയിൽ വൈദ്യുത വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനും ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില വർദ്ധിപ്പിക്കുന്നത്. 2023 മെയ് മാസത്തിൽ വിവിധ മോഡൽ കാറുകളുടെ വില 0.6 ശതമാനമായാണ് ടാറ്റ മോട്ടോഴ്സ് വർദ്ധിപ്പിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം വോൾവോ ഇന്ത്യ, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട കാർസ്, ഓഡി ഇന്ത്യ എന്നിവയും വിവിധ മോഡൽ കാറുകളുടെ വില ഉയർത്തിയിരുന്നു.