അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധിയായതോടെ മാറ്റിവയ്ക്കപ്പെട്ടത് നിരവധി ഐപിഒകൾ. ഇന്ന് നടക്കേണ്ടിയിരുന്ന ഐപിഒ, ലിസ്റ്റിംഗ് എന്നിവ മറ്റൊരു ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇപാക് ഡ്യൂറബിളിന്റെ ഐപിഒ നാളെയാണ് അവസാനിക്കേണ്ടിയിരുന്നത്. ഇന്ന് അവധിയായതോടെ, ഐപിഒ ജനുവരി 24 വരെ നീളും. ഇവ ജനുവരി 30നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുക.
143.8 കോടി രൂപ ഉന്നമിടുന്ന നോവ അഗ്രിടെക്കിന്റെ ഐപിഒ ഇന്നാരംഭിച്ച് ജനുവരി 24ന് സമാപിക്കേണ്ടതായിരുന്നു. ഇവ ജനുവരി 23ന് ആരംഭിച്ച് 25-ന് അവസാനിക്കുന്ന തരത്തിലാണ് പുനക്രമീകരിച്ചിരിക്കുന്നത്. ലിസ്റ്റിംഗ് ജനുവരി 30-ൽ നിന്നും 31-ലേക്ക് മാറ്റിയിട്ടുണ്ട്. ബ്രിക്സ് ടെക്നോവിഷന്റെ ഐപിഒ 23 മുതൽ 25 വരെ നടക്കുന്നതാണ്. ഇന്ന് അവസാനിക്കേണ്ട ക്വാളിടെക് ഐപിഒ നാളെ വരെ ദീർഘിപ്പിച്ചിട്ടുണ്ട്. അതേസമയം, മെഡി അസിസ്റ്റ് ഹെൽത്ത് കെയർ സർവീസസ് ഇന്നാണ് ലിസ്റ്റ് ചെയ്യേണ്ടിയിരുന്നത്. ഇവയുടെ ലിസ്റ്റിംഗ് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. 1,172 കോടി രൂപയുടെ ഐപിഒ ജനുവരി 15 മുതൽ 17 വരെയാണ് നടന്നത്.