‘കരുവന്നൂര്‍ കേസിലെ അന്വേഷണം എന്തായി?’; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി



കൊച്ചി: കരുവന്നൂര്‍ കേസിലെ ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നും ഇ ഡി യോട് ഹൈക്കോടതി. നിക്ഷേപകനായ അലി സാബ്രി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം.

കരുവന്നൂര്‍ കേസിലെ അന്വേഷണം എന്തായി എന്ന് ഹൈക്കോടതി ചോദിച്ചു. കരുവന്നൂരിലെ ഇടപാടുകള്‍ സംബന്ധിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്നും ഇ ഡിയോട് ഹൈക്കോടതി പറഞ്ഞു. സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്ക് ഉള്ളതല്ല മറിച്ച് സാധാരണക്കാര്‍ക്ക് ഉള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സാധാരണക്കാരന്റെ പണം നഷ്ടമാകുന്നത് സഹകരണസംഘങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് പരിഗണിക്കുന്നതിലേക്കായി മാറ്റി. അതിനുമുന്‍പ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നുള്ളതാണ് കോടതിയുടെ നിര്‍ദ്ദേശം.