അവിവാഹിതരായ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ തൊഴില്‍-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാന്‍


 

കാബൂള്‍: അവിവാഹിതരായ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ തൊഴില്‍-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാന്‍. പുരുഷനായ രക്ഷിതാവോ അല്ലെങ്കില്‍ ഭര്‍ത്താവോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആരോഗ്യമേഖലയില്‍ ജോലിക്ക് എത്തിയിരുന്ന സ്ത്രീയെ പുറത്താക്കിയാണ് താലിബാന്റെ വൈസ് ആന്‍ഡ് വെര്‍ച്യൂ മന്ത്രാലയം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ജോലിയില്‍ തുടരണമെങ്കില്‍ വിവാഹം കഴിക്കണമെന്നായിരുന്നു താലിബാന്റെ ആവശ്യം. അവിവാഹിതരായ സ്ത്രീകള്‍ ജോലി ചെയ്യുന്നത് അനുചിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് ഇതിനോടകം നിരവധി പൊതുസേവനങ്ങള്‍ താലിബാന്‍ നിഷേധിച്ചിട്ടുണ്ട്. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അവകാശില്ല. ഡ്രസ് കോഡ് നടപ്പിലാക്കിയും സലൂണുകള്‍ അടച്ചുപൂട്ടിയും പാര്‍ക്കുകളിലേക്ക് പ്രവേശനം നിഷേധിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അനവധി നിയന്ത്രണങ്ങളാണ് താലിബാന്‍ നടപ്പിലാക്കിയത്. 2021ല്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്തത് മുതല്‍ താലിബാന്‍ ഇക്കാര്യങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.