ഷക്കീല മദ്യപിച്ചിട്ട് മർദ്ദിച്ചെന്ന് വളർത്തുമകൾ, ശീതൾ മർദ്ദിച്ചെന്ന് നടിയുടെ പരാതി: കോടമ്പാക്കത്തെ വീട്ടിൽ നടന്നത്
ചെന്നൈ: നടി ഷക്കീലയ്‌ക്കെതിരെ ആരോപണവുമായി വളർത്തുമകള്‍ ശീതള്‍. ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളർത്തുമകള്‍ രംഗത്തു വന്നു. ഷക്കീലയെ അടിച്ചെന്ന് ശീതള്‍ സമ്മതിക്കുന്നു. അതിന് കാരണവും നിരത്തുന്നു. വളർത്തു മകള്‍ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. മർദ്ദിക്കുകയും നിലത്തു തള്ളിവീഴ്‌ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടില്‍വച്ച് ഷക്കീലയും ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മർദ്ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ശീതളിന്റെയും കുടുംബത്തിന്റെയും ആക്രമണത്തിൽ ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മർദ്ദനമേറ്റു.
ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. തുടർന്നാണ് താനും തിരിച്ചടിച്ചത്. പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദ്ദേശം അനുസരിച്ച് പ്രശ്‌നം തീർത്തു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയിട്ടുണ്ടെന്ന് ശീതള്‍ പറഞ്ഞു.
പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ നിയമ നടപടികള്‍ ഷക്കീല എടുക്കും എന്നാണ് സൂചന. അതേസമയം, ഷക്കീലയ്ക്ക് അനുകൂലമായി സിസിടിവി പരിശോധന നിർണ്ണായകമായി. ഇതോടെയാണ് അടിച്ചുവെന്ന് വളർത്തുമകളും സമ്മതിക്കുന്നത്. വളർത്തുമകള്‍ ശീതളിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഷക്കീല. തന്നെ ക്രൂരമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാതി.