പ്രമുഖ ഫിൻടെക് സേവന ദാതാക്കളായ ഗോ ആപ്പ് ഒരു മണിക്കൂറോളം പണിമുടക്കിയതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ രംഗത്ത്. ഇന്നലെ മുതലാണ് ഗ്രോ ആപ്പിൾ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ, പ്രശ്നം പൂർണമായി പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടിലും എളുപ്പം നിക്ഷേപസൗകര്യം ഒരുക്കുന്ന ആപ്പ് കൂടിയാണ് ഗ്രോ. ഉപഭോക്താക്കൾക്ക് ഉണ്ടായ അനുഭവത്തിൽ കമ്പനി അധികൃതർ ക്ഷമ ചോദിച്ചിട്ടുണ്ട്.
പല ഉപഭോക്താക്കൾക്കും ഒരു മണിക്കൂറോളം ഗ്രോ ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഭൂരിഭാഗം ആളുകളും ഗ്രോ ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഡൗൺലോഡ് ചെയ്ത് നോക്കിയിട്ടുണ്ട്. സെക്കന്റുകളുടെ വ്യത്യാസത്തിൽ വൻ തുക നഷ്ടമാകാൻ സാധ്യതയുള്ളതിനാൽ ആപ്പ് വഴി തൽസമയ നിക്ഷേപത്തിന്റെ വളർച്ച രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് വലിയ രീതിയിലുള്ള നഷ്ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.