ഭഗവാന്‍ കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്



ഈശ്വരന്മാരെ തൃപ്തിപ്പെടുത്തുവാന്‍ വഴികളും പൂജാവിധികളുമെല്ലാം പലതുണ്ട്. പൂജ ചെയ്താല്‍ പോര, ഇത് ചെയ്യേണ്ട രീതിയില്‍ത്തന്നെ കൃത്യമായി ചെയ്യുകയും വേണം. ഭഗവാന്‍ ശ്രീകൃഷ്ണനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമുള്ള വഴികള്‍ ഭഗവദ് ഗീതയില്‍ പറയുന്നുണ്ട്. എന്നാല്‍ വളരെ ലളിതമായി ഭഗവാനെ പൂജിയ്ക്കാനും പ്രസാദിപ്പിയ്ക്കാനുമെല്ലാം ചില വിധികളുണ്ട്.

ശ്രീകൃഷ്ണപൂജയ്ക്കായി ആദ്യം വളരെ ശാന്തമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. ഇവിടം വൃത്തിയാക്കുകയും തുടയ്ക്കുകയോ വെള്ളം തളിയ്ക്കുകയോ ചെയ്യുക. ഇവിടെ കൃഷ്ണന്റെ ഫോട്ടോയോ കൃഷ്ണവിഗ്രഹമോ വയ്ക്കുക. ഇതിനൊപ്പം ഗണപതിയുടെ ഫോട്ടോയോ വിഗ്രഹമോ വേണം. എണ്ണയോ നെയ്യോ നിലവിളക്കിലൊഴിച്ചു തിരിയിട്ടു ദീപം തെളിയ്ക്കാന്‍ തയ്യാറാക്കി വയ്ക്കുക. ഒരിലയിലോ പാത്രത്തിലോ ആയി ശുദ്ധമായ പൂക്കളും തുളസിയിലയും.

ദേഹശുദ്ധി വരുത്തിയ ശേഷം വിഗ്രഹത്തിനു മുന്നിലിരുന്ന് ഗണപതിയെ പ്രാര്‍ത്ഥിയ്ക്കുക. മനസില്‍ മറ്റു വിചാരങ്ങള്‍ വരാതിരിയ്ക്കാനായി, ഏകാഗ്രതയ്ക്കായി. പിന്നീട് നിലവിളക്കു കൊളുത്തുക. ഭഗവാന്‍ കൃഷ്ണനെ മനസില്‍ വിചാരിച്ചു ധ്യാനിയ്ക്കാം. നാമം ജപിയ്ക്കാം, ഹരേ രാമ ഹരേ കൃഷ്ണ എന്നോ കൃഷ്ണ കൃഷ്ണ എന്നോ. ഭഗവാന് പൂക്കളും തുളസിയിലകളും സമര്‍പ്പിയ്ക്കാം. തുളസിയാണ് കൃഷ്ണന് ഏറെ പ്രിയം. ചന്ദനത്തിരി കത്തിക്കുകയും മണി മുഴക്കുകയും ചെയ്യാം.

കൂടാതെ ഓം നമോ ഭഗവതേ വാസുദേവായ നമ എന്ന മന്ത്രം ഉരുവിട്ടുകൊണ്ടിരിയ്ക്കാം. ഇതിനു ശേഷം ഭഗവാന് മധുരമോ പഴങ്ങളോ വെള്ളം തളിച്ച ശേഷം നേദിയ്ക്കുകയുമാകാം. കുറച്ചു സമയം ഭഗവാന്റെ കീര്‍ത്തനങ്ങളോ നാമങ്ങളോ ജപിയ്ക്കുക. ഇത് ഏകാഗ്രതയോടെ മനസില്‍ ഭഗവാനെ മാത്രം ചിന്തിച്ചു ചെയ്യുകയെന്നതാണ് ഏറെ പ്രധാനം

ഇതിനു ശേഷം മധുരവും പഴങ്ങളും പ്രസാദമായി മറ്റുള്ളവര്‍ക്കു നല്‍കാം. ഭഗവദ് ഗീതിയില്‍ ഭഗവാന് പ്രിയമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ദിവസവും ഇതു വായിക്കുന്നത് കൃഷ്ണപ്രസാദം ലഭിയ്ക്കാനുള്ള പ്രധാന വഴിയാണ്.