തിരുവനന്തപുരം: ഇന്നത്തെക്കാലത്ത് പണത്തിനു പിന്നാലെ പോകാനുള്ള ത്വര ആരും കാണിക്കരുതെന്നും അങ്ങനെയായാൽ മനസ്സമാധാനം നഷ്ടമാകുന്ന അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി. കവടിയാറിൽ റവന്യൂ വകുപ്പ് നിർമിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനസ്സമാധാനം തകർക്കാൻ മറ്റുള്ളവർ ശ്രമിച്ചാൽ തകരില്ല. നിങ്ങൾ കുറ്റവാളിയാണെന്ന ചിന്ത വന്നാൽ മാത്രമേ തകരൂ. കുറ്റം ചെയ്യുന്നില്ലെങ്കിൽ ഒരു പ്രശ്നവുമില്ല. എന്തുവന്നാലും തലയുയർത്തി അതിനെ നേരിടാനാകും. അല്ലെങ്കിൽ തല തനിയെ താണുപോകും -മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്കിടയാക്കുന്നതെന്ന് മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണ്. അഴിമതിയില്ലാത്തവർക്ക് ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും. ഈ മന്ത്രിസഭയ്ക്കും എല്ലാവർക്കുമുള്ള പ്രത്യേകതയാണത്. അഴിമതിയുടെ കാര്യം വരുമ്പോൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.