ഓസ്ട്രേലിയയില്‍ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു, അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല
കാന്‍ബെറ: ഓസ്ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. 20 വയസ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളും 40 വയസ് പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പേരുവിവരങ്ങള്‍ ലഭ്യമല്ല. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വിവരങ്ങള്‍ പങ്കുവച്ചത്. മെല്‍ബണിലെ കോണ്‍സുലേറ്റ് ജനറല്‍ ഇവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. ഹൃദയഭേദകമായ ദുരന്തം എന്നാണ് എംബസി അനുശോചിച്ചത്.
പട്രോളിംഗ് ഇല്ലാത്ത ബീച്ചിലാണ് അപകടം നടന്നത്. സംഘത്തെ രക്ഷിക്കാനായി ഓഫ് ഡ്യൂട്ടി ഗാര്‍ഡുകള്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാലാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.
കടല്‍ ഗുഹകള്‍ക്ക് പേരുകേട്ടതാണ് ഫിലിപ്പ് ദ്വീപ്. ലൈഫ് ഗാര്‍ഡുകളില്ലാതെ നീന്താനുള്ള അവസരം ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അപകടങ്ങള്‍ ഇവിടെ സ്ഥിരമാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. 2018ലും ഇവിടെ ഇന്ത്യക്കാര്‍ മുങ്ങി മരിച്ചിരുന്നു.