നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തായ്‌ലന്റിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. തായ് എയർവെയ്സ് മാർച്ച് 31 മുതലാണ് പ്രീമിയം ക്ലാസ് വിമാന സർവീസുകൾക്ക് തുടക്കമിടുക. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായാണ് തായ് എയർവെയ്സ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ബുധൻ, വെള്ളിയാഴ്ച, ഞായർ ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യ ഇതിനോടകം തന്നെ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. തായ് എയർവെയ്സ് കൂടി സർവീസ് ആരംഭിക്കുന്നതോടെ, കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം ഏഴിൽ നിന്ന് പത്തായി ഉയരുന്നതാണ്. ഇതോടെ, ബാങ്കോക്കിലേക്കുള്ള യാത്രാ ക്ലേശം ഒരു പരിധി വരെ പരിഹരിക്കാനാകും.
അന്താരാഷ്ട്ര സർവീസുകൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം പ്രാദേശിക സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കൊച്ചി വിമാനത്താവളം തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക റൂട്ടുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, ട്രിച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും.