ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റും പിരിച്ചുവിടൽ ഭീതിയിൽ. ഗൂഗിളിന് പിന്നാലെയാണ് ജീവനക്കാരെ പുറത്താക്കുന്ന നടപടിയെ കുറിച്ചുള്ള സൂചനകൾ മൈക്രോസോഫ്റ്റും നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷത്തെ ആദ്യത്തെ പിരിച്ചുവിടലിൽ 1900 ജീവനക്കാർ പുറത്തായേക്കുമെന്നാണ് സൂചന. അടുത്തിടെ മൈക്രോസോഫ്റ്റ് ആക്ടിവിഷൻ ബ്ലിസാർഡ്, എക്സ് ബോക്സ് എന്നിവ ഏറ്റെടുത്തിരുന്നു. ഈ വിഭാഗങ്ങളിലാണ് ഇക്കുറി പിരിച്ചുവിടൽ നടക്കുന്നത്.
ആക്ടിവിഷൻ ബ്ലിസാർഡിൽ നിന്നും കൂടുതൽ ജീവനക്കാർ പുറത്തായേക്കുമെന്നാണ് സൂചന. ഇവ രണ്ടും ഗെയിമിംഗ് ഡിവിഷനുകളാണ്. മൊത്തം ഗെയിമിംഗ് ഡിവിഷനുകളിൽ നിന്നായി 8 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ, ഗെയിമിംഗ് ഡിവിഷന് കീഴിൽ മാത്രം 22,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. പിരിച്ചുവിടൽ എപ്പോൾ നടക്കും എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയിട്ടില്ല. അതേസമയം, 20 വർഷത്തെ സേവനത്തിനുശേഷം ബ്ലിസാർഡ് പ്രസിഡന്റ് മൈക്ക് യബറ കമ്പനിയിൽ നിന്നും ഉടൻ പടിയിറങ്ങും.