ചൊവ്വയിലും വെളളം? നിർണായക കണ്ടെത്തലുമായി നാസയുടെ ചൊവ്വാ ദൗത്യം


മറ്റു ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തമാക്കുന്നത് ജീവന്റെയും വെള്ളത്തിന്റെയും സാന്നിധ്യമാണ്. ഇപ്പോഴിതാ ശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം. ചൊവ്വയിലെ പുരാതന തടാകത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പെർസെവറൻസ് റോവറാണ് ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങൾ നടത്തിയത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകൾ കൂടിയാണിത്.

ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎൽഎ) ഓസ്‌ലോ സർവകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂമിയിലെ തടാകങ്ങളിലെ പോലെ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ ചൊവ്വയിലെ ജെറെസോ തടാകത്തിലും ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍, തണുത്തുറഞ്ഞതും വരണ്ടതും ജീവനില്ലാത്തതുമായ ചൊവ്വ ഒരു കാലത്ത് ജലമുള്ളതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നിരിക്കാമെന്ന നിർണായക കണ്ടെത്തലാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്. 2020 ജൂലൈ മാസമാണ് നാസ പെർസെവറൻസ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.