ബാത്ത്‌റൂമിലെ തറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും വഴുവഴുപ്പും ഇല്ലാതാക്കാൻ 5 ടിപ്‌സ് !


നാം ഉപയോഗിക്കുന്ന ടോയ്‌ലെറ്റും കുളിമുറിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കുളിമുറിയുടെ തറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും ടൈലുകൾക്കിടയിൽ അടിഞ്ഞുകൂടുന്ന അഴുക്കും രോഗാണുക്കൾക്ക് വളരാനുള്ള ഇടമാണ്. അതിനാൽ തന്നെ ഇവ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇതിനായുള്ള എളുപ്പമാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചൂടുവെള്ളം സ്‌പ്രേ

ടൈലുകൾക്കിടയിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമായ മാർഗങ്ങളിലൊന്നാണ് ചൂടുവെള്ളം സ്‌പ്രേ. ടൈലിന്റെ മുകളിൽ ആദ്യം ചൂടുവെള്ളം നന്നായി സ്‌പ്രേ ചെയ്ത് കൊടുക്കണം. അതിനുശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ടൈലുകൾക്കിടയിൽ ഉരച്ച് കഴുകേണ്ടതാണ്. അവസാനം നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കേണ്ടതാണ്.

സ്റ്റീം ക്ലീനേഴ്‌സ്

ചൂടുവെള്ളത്തിന് പകരം സ്റ്റീം ക്ലീനേഴ്‌സും ഉപയോഗിക്കാവുന്നതാണ്. ഏറെ ഫലപ്രദമായ പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണിത്. ചൂടുള്ള ആവി ടൈലുകൾക്കിടയിലെ അഴുക്കുള്ള ഭാഗത്ത് പതിപ്പിച്ച ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.

വിനാഗിരിയും വെള്ളവും

വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്തശേഷം തറയിൽ അഴുക്ക് അടിഞ്ഞുകൂടിയ ഭാഗത്ത് സ്‌പ്രേ ചെയ്തുകൊടുക്കാം. അഞ്ച് മിനിറ്റ് നേരം കഴിഞ്ഞ് കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. വിനാഗിരിയിൽ വെള്ളം ചേർക്കേണ്ടത് അത്യാവശ്യമാണ്. കാരണം, അസിഡിക് സ്വഭാവമാണ് വിനാഗിരിക്ക് ഉള്ളത്. ഇത് നേരിട്ട് ഉപയോഗിക്കുന്നത് ടൈലിന് കേടുപാടുകൾ വരുത്തിയേക്കാം.

ബേക്കിങ് സോഡയും വിനാഗിരിയും

അൽപ്പം വെള്ളമെടുത്ത് ബേക്കിങ് സോഡ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് ടൈലുകൾക്കിടയിൽ തേച്ച് പിടിപ്പിക്കാം. ഇതിലേക്ക് ചെറുചൂടുവെള്ളത്തിൽ അതേ അളവിൽ വിനാഗിരി ചേർത്തവെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കാം. കുറച്ച് സമയത്തിന് ശേഷം ഇത് ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയെടുക്കാം.

ഹൈഡ്രജൻ പെറോക്‌സൈഡ്

ടൈലുകൾക്കിടയിൽ അഴുക്ക് കട്ടിപിടിച്ച് നിൽക്കുന്നിടത്ത് ഹൈഡ്രജൻ പെറോക്‌സൈഡ് ഒഴിച്ച് കൊടുക്കാം. ശേഷം ബ്രഷും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.