ന്യൂഡൽഹി: 2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ഇത് ആറാമത്തെ തവണയാണ് നിർമ്മലാ സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ സമ്പൂർണ യൂണിയൻ ബഡ്ജറ്റിന് പകരം ഇടക്കാല ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുക. ഇടക്കാല ബഡ്ജറ്റും സമ്പൂർണ ബഡ്ജറ്റും തമ്മിലുള്ള വ്യത്യാസം അറിയാം.
തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അതത് സർക്കാറുകൾ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കാറുള്ളത്. ആ സാമ്പത്തിക വർഷത്തിൽ പുതിയ സർക്കാർ അധികാരം ഏൽക്കുന്നത് വരെ, സാധാരണയായി കുറച്ച് മാസങ്ങൾക്കുള്ളിൽ താൽക്കാലിക ചെലവുകൾ കൈകാര്യം ചെയ്യുന്നതിനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. 2024 ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കും. അതിനാൽ, ഫെബ്രുവരി ഒന്നിന് തന്നെ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ച് കഴിഞ്ഞാൽ 2024-ലെ സമ്പൂർണ യൂണിയൻ ബഡ്ജറ്റ് ധനമന്ത്രി ജൂലൈയിൽ അവതരിപ്പിക്കും. 2024 ലെ ബഡ്ജറ്റ് സെഷൻ ജനുവരി 31-ന് ആരംഭിച്ച് ഫെബ്രുവരി 9 വരെ പാർലമെൻ്റിൽ തുടരും. ധനമന്ത്രി നിർമ്മല സീതാരാമൻ 2019, 2020, 2021, 2022, 2023 വർഷങ്ങളിലായി അഞ്ച് ബഡ്ജറ്റുകളാണ് അവതരിപ്പിച്ചത്.