രാമായണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി: എം.എൽ.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസുമായി സി.പി.ഐ
തൃശൂർ : രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടികളിലേക്ക് സി.പി.ഐ. പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തണമെന്നാണ് നിർദേശം. രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്മേലാണ് പി.ബാലചന്ദ്രൻ എം.എൽ.എയോട് നേരിട്ടെത്തി വിശദീകരിക്കാൻ സിപിഐ ആവശ്യപ്പെട്ടത്.
വിഷയം ചർച്ച ചെയ്യാനാണ് 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. ഈ വിഷയം മാത്രമാണ് യോഗത്തിലെ അജണ്ട. എം.എൽ.എയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറിയാണ് കത്ത് നൽകിയത്. വിശദീകരണം എഴുതി നൽകേണ്ടെന്നും നേരിട്ടെത്തി നൽകാനുമാണ് കത്തിലെ നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ വിവാദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സി.പി.എം-സി.പി.ഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം.