കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മെഡിസിൻ വിഭാഗം അദ്ധ്യാപകനാണ് ഇയാൾ.
2022 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ വിധിച്ചു. മൂന്നു പ്രതികൾക്കും 90 വർഷം തടവും നാൽപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി. ഇതോടെ പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി. 2022 മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോൾ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.