മാലി പ്രസിഡന്റിനെതിരെ രാജ്യത്തുയരുന്നത് വൻ പ്രതിഷേധം: ഇന്ത്യയോടും മോദിയോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷം
ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. ചൈനാപ്രേമിയായ ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന മുയിസുവിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണു ഗാസിം ഇബ്രാഹിമിന്റെ വാക്കുകൾ.
മോദിയോടു മാപ്പ് പറഞ്ഞ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ ഇല്ലാതാക്കണമെന്നും ഗാസിം ഇബ്രാഹിം അഭിപ്രായപ്പെട്ടു. മോദി ലക്ഷദ്വീപ് സന്ദർശിച്ചതിനു പിന്നാലെ മുയിസു മന്ത്രിസഭയിലെ മൂന്നു പേർ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതു വിവാദമായിരുന്നു. ഗവേഷണത്തിനെന്ന പേരിൽ പുറപ്പെട്ട ചൈനീസ് ചാരക്കപ്പലിന് മാലദ്വീപ് തീരത്ത് നങ്കൂരമിടാൻ മുയിസു അനുമതി നൽകിയതും ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്നാണു നിഗമനം.
നയതന്ത്ര തർക്കത്തിനു പിന്നാലെ, ഇന്ത്യൻ വിമാനത്തിനു മുയിസു അനുമതി നിഷേധിച്ചതിനാൽ പതിനാലുകാരൻ ചികിത്സ കിട്ടാതെ മരിച്ചതായും ആക്ഷേപമുയർന്നു. പാർലമെന്റിൽ ഭൂരിപക്ഷമുള്ള എംഡിപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എംഡിപി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചു.