രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് ഇമാമിനെതിരെ ഫത്വ, താൻ ജീവിക്കുന്നത് മുസ്ലീം രാജ്യത്തല്ലെന്ന് മറുപടി


അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ (എഐഐഒ) ചീഫിനെതിരെ ഫത്വ പുറപ്പെടുവിച്ചു. ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെയാണ് ഫത്വ. ജനുവരി 22 ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനെത്തുടർന്ന് മുഫ്തി സബീർ ഹുസൈനിയാണ് ഇമാമായ ഇല്ല്യാസിക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്.

ഇല്ല്യാസിക്കെതിരെ നടപടിയെടുക്കാൻ രാജ്യത്തെ മത പുരോഹിതന്മാരോട് ഫത്വയിൽ ആവശ്യപ്പെട്ടതായാണ് വിവരം. പതിറ്റാണ്ടുകളായി ഒരു ഹിന്ദു – മുസ്ലീം തർക്ക ഭൂമിയായി നില നിന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഇല്ല്യാസി പങ്കെടുത്തത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ താൻ ജീവിക്കുന്നത് ഒരു മുസ്ലീം രാഷ്ട്രത്തിലല്ലെന്നും ഇതിനെതിരെ താൻ മറ്റൊരു ഫത്വ പുറപ്പെടുവിക്കുമെന്നും ഇല്ല്യാസി പ്രതികരിച്ചു.

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത ശേഷം തനിക്കെതിരെ പല വിമർശനങ്ങളും ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഡൽഹി പോലീസ് കമ്മീഷ്ണറെയും അറിയിച്ചതായും ഇമാമുമാരുടെ ഒരു യോഗം വിളിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തെ ശേഷം സ്നേഹവും ഐക്യവും പ്രചരിപ്പിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ ഇല്ല്യാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.