അതിർത്തിയിൽ ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പാകിസ്ഥാൻ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള 4 യുവാക്കൾ പിടിയിൽ


അമൃതസർ: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. നാല് യുവാക്കളെയാണ് അതിർത്തി സുരക്ഷാസേന പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അമൃതസറിന് സമീപം സംശയാസ്പദമായ തരത്തിൽ ഒരു ഡ്രോൺ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അതിർത്തി സുരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് നാല് പേർ പിടിയിലായത്. ഇവരുടെ പക്കലിൽ നിന്നും രണ്ട് പാക്കറ്റ് ഹെറോയിനും, ഒരു പാക്കറ്റ് മെത്താഫെറ്റാമിനും, ബുള്ളറ്റോടു കൂടിയ തോക്കും, മോഷ്ടിച്ച സ്കൂട്ടറും പിടികൂടി.

പാകിസ്ഥാനിലെ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണ് പിടികൂടിയ നാല് യുവാക്കളും. ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവർ പദ്ധതി ആസൂത്രണം ചെയ്തതെന്ന് അതിർത്തി സുരക്ഷാസേന വ്യക്തമാക്കി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാണ എന്ന പാകിസ്ഥാൻ കള്ളക്കടത്തുകാരനും അയാളുടെ സഹോദരനും പ്രതികളും ചേർന്ന് നടത്തിയ സംഭാഷണങ്ങളും വീഡിയോ കോളിന്റെ വിവരങ്ങളും വിവരങ്ങളും അധികൃതർ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിന്റെയും ഇടപാടുകൾ നടത്തിയതിന്റെ മുഴുവൻ വിവരങ്ങളും മൊബൈൽ ഫോണിൽ നിന്നും ലഭ്യമായിട്ടുണ്ട്. വിഷയത്തിൽ ഇന്റർപോളിന് നോട്ടീസ് അയക്കാൻ അതിർത്തി സുരക്ഷാസേന തീരുമാനിച്ചിട്ടുണ്ട്.