വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു : പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ


ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയായാണ് എണ്ണക്കമ്പനികൾ ഉയർത്തിയിരിക്കുന്നത്. ഇതോടെ, ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1769.50 രൂപയായി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഓരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. ഇത്തവണ ഗാർഹിക പാചക വാതക വിലയിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനനുസരിച്ച് ഗാർഹിക പാചക വാതക വിലയിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.

ഇക്കുറി ഏവിയേഷൻ ടർബൽ ഫ്യുവലിന്റെ വിലയും കുറച്ചിട്ടുണ്ട്. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം തവണയാണ് വിമാന ഇന്ധന വില കുറയ്ക്കുന്നത്. പുതുക്കിയ വിമാന ഇന്ധന നിരക്കുകളും ഇന്ന് മുതൽ പ്രാബല്യത്തിലായിട്ടുണ്ട്. വിമാനയാത്രികർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം.