പേടിഎമ്മിനെതിരെ കുരുക്ക് മുറുകുന്നു! പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ഉപഭോക്താക്കൾ, വ്യക്തത വരുത്തി ആർബിഐ


ന്യൂഡൽഹി: പേടിഎമ്മിനെതിരെയുളള കുരുക്ക് മുറുകിയതിന് പിന്നാലെ ആശങ്കകൾ പങ്കുവെച്ച് ഉപഭോക്താക്കൾ രംഗത്ത്. ആർബിഐയുടെ വിലക്കിന് പിന്നാലെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഭൂരിഭാഗം ഉപഭോക്താക്കളും പങ്കുവെച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ആർബിഐ. പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻസിഎംസി കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം പ്രതികൂലമായി ബാധിക്കുക.

അക്കൗണ്ടിൽ പണമുള്ള പേടിഎം ഉപഭോക്താവാണ് നിങ്ങളെങ്കിൽ യുപിഐ, എഎംപിഎസ്, ആർടിജിഎസ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകും. ഒരു ഇടപാടിന്റെ പരിധി 25,000 രൂപയാണ്. പേടിഎം വാലറ്റിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപയാണ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുക. മറ്റു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുമ്പോൾ 3 ശതമാനം ഇടപാട് ഫീസും ഈടാക്കും.

പേടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പുതിയ ഉപയോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനുമാണ് ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കമ്പനിയെയും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.