ന്യൂഡൽഹി: രാജ്യത്ത് പാമോയിൽ വിലയിൽ വൻ ഇടിവ്. ഭക്ഷ്യ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാമോയിൽ വില കുത്തനെ കുറഞ്ഞത്. ഇതോടെ, കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പാമോയിലിന്റെ വ്യാപാരം നടക്കുന്നത്. നിലവിൽ, ഇറക്കുമതി നികുതിയില്ലാതെ ക്രൂഡ് പാമോയിലിന്റെ വില ഒരു മെട്രിക് ടണ്ണിന് 77,500 രൂപയാണ്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാർ കൂടിയാണ് ഇന്ത്യ. 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ എണ്ണ ഇറക്കുമതിക്ക് മാത്രമായി 20.8 ബില്യൺ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്.
മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 60 ശതമാനവും പാമോയിലാണ്. രാജ്യത്ത് ഏകദേശം 23 ദശലക്ഷം മെട്രിക് ടൺ ഭക്ഷ്യ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനോടകം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയിൽ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയ്ക്കായി അർജന്റീന, ബ്രസീൽ, റഷ്യ, യുക്രെയിൻ എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.