കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാത്ത നൂറുകണക്കിന് അക്കൗണ്ടുകൾ! പേടിഎമ്മിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
ന്യൂഡൽഹി: കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ച പേടിഎമ്മിന് കുരുക്ക് മുറുകുന്നു. കൃത്യമായ നോ-യുവർ-കസ്റ്റമർ(കെവൈസി) ഇല്ലാത്ത അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്. ഈ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഒരേ പാൻ നമ്പർ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ നൂറിലധികം ഉപഭോക്താക്കളാണ് ഒരേ പാൻ നമ്പർ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകൾ ലിങ്ക് ചെയ്തത്.
പേടിഎമ്മിന്റെ അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആർബിഐയും ഓഡിറ്റർമാരും നടത്തിയ പരിശോധനയിൽ ബാങ്ക് സമർപ്പിച്ച രേഖകൾ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ചില അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കാമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. നിലവിൽ, പേടിഎം ഇടപാടുകളെ കുറിച്ചുളള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും, ആഭ്യന്തര മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുകൾ കണ്ടെത്തിയാൽ പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിക്കുന്നതാണ്. പേടിഎമ്മിന്റെ പല ഇടപാട് മാനദണ്ഡങ്ങളിലും നിരവധി പഴുതുകൾ ആർബിഐ കണ്ടെത്തിയിട്ടുണ്ട്.