കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം: ആവശ്യമായ സുരക്ഷ ഒരുക്കിയില്ല, സേനാംഗങ്ങള്‍ മദ്യപിച്ചതായും കണ്ടെത്തൽ


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന്റെ പക്കല്‍നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ട്രെയിനില്‍ വെച്ച് സേനാംഗങ്ങള്‍ മദ്യപിച്ചതായും കണ്ടെത്തി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബറ്റാലിയന്‍ കമാന്‍ഡന്റ് അടക്കം 10 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.

ഗുരുതരമായ സുരക്ഷാ വീഴ്ച കൃത്യവിലോപം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നിവയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഓഫീസര്‍മാരായ അഡ്‌ഹോക് കമാന്‍ഡന്റ്, ഡെപ്യൂട്ടി കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റുമാര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തിരുന്ന ട്രെയിന്‍ ബോഗികളില്‍ ആയുധങ്ങള്‍ക്കും തിരകള്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിയില്ല. യാത്രയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്കും സേനാംഗങ്ങള്‍ക്കുമിടയില്‍ മദ്യപാനമുണ്ടായി.

ഏതൊക്കെ ഓഫീസര്‍മാരാണ് ആയുധവും തിരകളും സ്വയം കൈവശം വെച്ച് യാത്ര ചെയ്തിരുന്നതെന്ന് മേലുദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. കീഴുദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് മേലുദ്യോഗസ്ഥര്‍ തടഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞിട്ടും ആയുധങ്ങളും തിരകളും തിരികെ വാങ്ങി സൂക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.