യുപിഐ റുപേ കാർഡ് സർവീസ് ഇനി അബുദബിയിലും: ധാരണാ പത്രം കൈമാറി ഇന്ത്യയും യുഎഇയും


അബുദബി: എമിറേറ്റിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള തടസ്സങ്ങളില്ലാത്ത ഇടപാടുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റിൻ്റെയും മോദിയുടേയും സാന്നിധ്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണപത്രം കൈമാറി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദി യുഎഇയിലെത്തിയത്. യുഎഇയിലെത്തിയ മോദിയ്ക്ക് ​ഗംഭീര വരവേൽപ്പാണ് യുഎഇയിലെ ഇന്ത്യൻ സമൂഹം നൽകിയത്. അബുദബിയിലെ സായിദ് സ്‌റ്റേഡിയത്തിൽ നടന്ന അഹ്‌ലന്‍ മോദി പരിപാടിയിൽ മോദി പങ്കെടുത്തു. അബുദബിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. യുഎഇയിൽ പുതിയ ചരിത്രമെഴുതിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രം നിർമ്മിക്കാനുള്ള സഹായങ്ങൾ ചെയ്തതിന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

എമിറേറ്റിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിൽ പൂർത്തീകരിച്ച ബാപ്സ് മന്ദിർ. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം വഹിക്കുന്നത്. ദുബായ്-അബുദബി ഹൈവേയിൽ അബു മറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.