13 കരകളുടെ മഹോത്സവം- ഓണാട്ടുകരയുടെ പുണ്യം- ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷങ്ങളുടെ നിറവിൽ മധ്യ തിരുവിതാംകൂർ


ഓണാട്ടുകരയുടെ ഉത്സവമായ ചരിത്ര പ്രധാനമായ ചെട്ടികുളങ്ങര കുംഭ ഭരണി മാവേലിക്കരയും കാര്‍ത്തികപ്പളളിയും കായംകുളവുമെല്ലാം ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മ കൂടിയാണിത്.

ഭക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്‌കാരം, സംഗീതം – ഇതെല്ലാം ഒന്നിക്കുന്ന താണ് ചെട്ടികുളങ്ങര കെട്ടുകാഴ്ചയുടെ ഉത്സവം.കുംഭമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന കെട്ടുകാഴ്ചക്കുളള ഒരുക്കങ്ങള്‍ അവസാനിക്കുന്നതു ഭരണി നാളില്‍. ഈ ദിവസങ്ങളിലെ ആചാര വിശേഷങ്ങളാണ് ചെട്ടികുളങ്ങര കെട്ടുകാഴ്ചയെ വേറിട്ടു നിര്‍ത്തുന്നത്.

ഉത്സവകാലത്തെ ഭരണിചന്ത പണ്ടുമുതല്‍ ഇന്നാടിന്റെ സമൃദ്ധി വിളിച്ചറിയിച്ചുപോരുന്നു. ക്ഷേത്രമുന്നില്‍ പതിമൂന്നുതട്ടുള്ള ആല്‍വിളക്ക്‌. ആയിരത്തിയൊന്ന്‌ തിരികള്‍ കത്തുന്ന ഈ വിളക്കിന്റെ തട്ടുകള്‍ ഓരോന്നും ഓരോ കരകളെ പ്രതിനിധീകരിക്കുന്നുവെന്ന്‌ സങ്കല്‍പം.

പണ്ട്‌ ചെട്ടികുളങ്ങരയില്‍ നിന്നും നാലുപേര്‍ അതിനടുത്തുള്ള കൊയ്പള്ളി കാരാഴ്മ ക്ഷേത്രത്തിലെ ഉത്സവത്തിനുപോയി. ഇവര്‍ ചെമ്പോലി, മേച്ചേരി, മങ്ങാട്ട്‌, കാട്ടൂര്‌ എന്നീ തറവാട്ടില്‍പ്പെട്ടവരായിരുന്നു. ഉത്സവസ്ഥലത്തുവച്ച്‌ അവിടത്തുകാരില്‍ ചിലര്‍ ഇവരെ കളിയാക്കി. തങ്ങള്‍ക്കും ഉത്സവം കാണാന്‍ ഒരു ക്ഷേത്രമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു എന്നവര്‍ക്കു തോന്നി.

ആ ദു:ഖഭാരത്തോടെയാണ്‌ അവര്‍ കൊടുങ്ങല്ലൂരിലേക്ക്‌ പുറപ്പെട്ടത്‌. അവര്‍ അവിടെ ഭജന മിരുന്നു. പ്രതൃക്ഷയായ ഭഗവതി ഇവിടേക്കുവരികയും ഇപ്പോഴത്തെ ക്ഷേത്രത്തിനു തെക്കുവശത്തുള്ള ഇല്ലം മേഞ്ഞുകൊണ്ടിരുന്നവര്‍ക്കൊപ്പം കഞ്ഞിയും മുതിരപുഴുക്കും കഴിക്കുകയും അതിനുശേഷം അപ്രതൃക്ഷയാവുകയായിരുന്നുവെന്നും ഐതിഹ്യം. ദേവീ സാന്നിധ്യം ബോധ്യമായതോടെ അവിടെ ക്ഷേത്രവും ഉയര്‍ന്നു.

കുംഭ ഭരണി നാളില്‍ നടത്തുന്ന പ്രധാന വഴിപാടാണ്‌ കുത്തിയോട്ടം. പത്തുവയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളാണ്‌ കുത്തിയോട്ടക്കാര്‍. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടിയുടെ വ്രതാനുഷ്ഠാനം തുടങ്ങും. ആരാണോ കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്നത്‌ അവരുടെ തറവാട്ടുമുറ്റത്ത്‌ പാട്ടും ചുവടും വയ്ക്കുന്ന ചടങ്ങുണ്ട്‌. ചുവന്ന പട്ടുടുത്ത്‌ മാലയണിഞ്ഞ്‌ താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ്‌ കുത്തിയോട്ടകാരന്റെ ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്‌. ഈ ദിവസങ്ങളിലെല്ലാം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുമുണ്ട്‌.

ഈ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ചെട്ടിക്കുളങ്ങര അമ്മ ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ ഇവിടത്തെ ഭക്ഷണം ആരും നിരസിക്കാറില്ല. ആ സമയത്ത്‌ ആര്‍ക്കും ഇല്ലെന്നു പറയാറുമില്ല. ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ്‌ ക്ഷേത്രത്തിലെത്തുക. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ്‌ ഈ ചടങ്ങുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌. പൈതൃക സംരക്ഷണത്തില്‍ ഇത്രയും നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്ന ഈ ഉത്സവം യുനെസ്‌കോയുടെ പൈതൃക ഉത്സവപ്പട്ടികയിലേക്ക് ഭാരതത്തിലെ ഒമ്പത് ഉത്സവങ്ങളിലൊന്നായി സ്ഥാനം പിടിച്ചു.