കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം, പൂട്ടിച്ച അക്കൗണ്ടുകള്‍ തല്‍ക്കാലം ഉപയോഗിക്കാന്‍ അനുമതി


ന്യൂഡല്‍ഹി: അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്‍ക്കാലം ഉപയോഗിക്കാന്‍ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്‍കി. ഫെബ്രുവരി 21ന് കോണ്‍ഗ്രസിന്റെ പരാതി അതോറിറ്റി പരിഗണിക്കുമെന്ന് എംപി വിവേക് തന്‍ഖ അറിയിച്ചു.

അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴ ചുമത്തിയതായും ട്രഷറര്‍ അജയ് മാക്കനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അറിയിപ്പ് പോലും നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെ ബുധനാഴ്ചയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ ഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു.